ഡൽഹി: ടെൻഡറുകളില്ലാതെ സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിൽ വൻ അഴിമതിയുണ്ടെന്നും സർക്കാരിന് ഇത് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും മുൻ മന്ത്രി പി. രാജീവ് ആരോപിച്ചു. എട്ടര രൂപ നിരക്കിൽ വൈദ്യുതി വാങ്ങണമെങ്കിൽ 24 മണിക്കൂറും വാങ്ങേണ്ടി വരുമെന്നും, പീക്ക് സമയം കഴിഞ്ഞ് മിച്ചം വരുന്ന വൈദ്യുതി തുച്ഛമായ വിലയ്ക്കോ സൗജന്യമായോ സറണ്ടർ ചെയ്യേണ്ടി വരുമെന്നിരിക്കെ മുഖ്യമന്ത്രി വിഷയത്തിൽ വസ്തുതാവിരുദ്ധമായ നുണകളാണ് പറയുന്നതെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശൻ ആർഎസ്എസ് താല്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന അടിമയായി മാറിയെന്നും മുൻ ഗവർണർ രാജേന്ദ്ര അർലേക്കറുടെ നിർദ്ദേശങ്ങളാണ് നടപ്പാക്കുന്നതെന്നും പി. രാജീവ് വിമർശിച്ചു. നുണകൾ ഉൽപ്പാദിപ്പിക്കുന്ന കേന്ദ്രമായി മുഖ്യമന്ത്രി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാലടി സംസ്കൃത സർവകലാശാലയിലെ വിഷയത്തിൽ എസ്എഫ്ഐ ആക്രമണം നടത്തിയെന്ന് മുഖ്യമന്ത്രി എങ്ങനെയാണ് ഉറപ്പിച്ചു പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. കാലടിയിൽ ആദ്യം രജിസ്റ്റർ ചെയ്ത എഫ്ഐആർ വഴിതടയലിന് മാത്രമായിരുന്നുവെന്നും, പിന്നീട് അന്നത്തെ ഗവർണർ സംസ്ഥാന പോലീസ് മേധാവിയെ (ഡിജിപി) നേരിട്ട് വിളിക്കുകയായിരുന്നുവെന്നും പി. രാജീവ് വ്യക്തമാക്കി.





