കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസ് കൈകാര്യം ചെയ്തതിൽ പോലീസിന് തുടക്കം മുതൽ വീഴ്ച സംഭവിച്ചതായി കോടതിയുടെ രൂക്ഷവിമർശനം. സമാനമായ അപകടങ്ങളിൽ കുറ്റകരമായ നരഹത്യയ്ക്ക് (വകുപ്പ് 105) കേസെടുത്ത മുൻകാല സംഭവങ്ങളുടെ രേഖകൾ അടിയന്തരമായി കോടതിയിൽ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കർശന നിർദ്ദേശം നൽകി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.
കുട്ടികളുടെ കേസുകൾ കൈകാര്യം ചെയ്യേണ്ട പ്രത്യേക കോടതിയെ സമീപിക്കുന്നതിന് പകരം സെഷൻസ് കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത് എന്തുകൊണ്ടാണെന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ആരാഞ്ഞു. ജില്ലയിലോ സമീപ ജില്ലകളിലോ സമാന സാഹചര്യത്തിൽ നരഹത്യാക്കുറ്റം ചുമത്തിയ കേസുകൾ ഉണ്ടോയെന്ന ചോദ്യത്തിന് വിവരങ്ങൾ ശേഖരിക്കണമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. ഇത് വെറുമൊരു ഫാൻസി ചോദ്യമല്ലെന്നും അതീവ ഗൗരവമുള്ളതാണെന്നും ഓർമ്മിപ്പിച്ച കോടതി, കൃത്യമായ വിശദീകരണം നൽകിയില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി പറയേണ്ടി വരുമെന്ന് മുന്നറിയിപ്പും നൽകി.
കേസിൽ പ്രതിയായ പതിനേഴുകാരനെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റണമെന്നതാണ് പോലീസിന്റെ പ്രധാന ആവശ്യം. അതേസമയം, അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഈ പതിനേഴുകാരൻ മുൻപും സ്ഥിരമായി നിയമലംഘനങ്ങൾ നടത്താറുള്ള വ്യക്തിയാണെന്ന് കോടതിയെ ബോധിപ്പിച്ചു.





