തിരുവനന്തപുരം: സംസ്ഥാന വനം വകുപ്പിന്റെ പുതിയ ബ്രാൻഡ് അംബാസഡർമാരായി ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനെയും സർക്കാർ നിയമിച്ചു. ജൈവവൈവിധ്യ പരിപാലനം, വന്യജീവി സംരക്ഷണം, കാടുകളുടെ സംരക്ഷണം, പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തൽ എന്നിവയെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയാണ് ഈ നിയമനത്തിന്റെ പ്രധാന ലക്ഷ്യം. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
വനം വകുപ്പ് ആവിഷ്കരിക്കുന്ന വിവിധ ജനക്ഷേമ പ്രവർത്തനങ്ങളും പദ്ധതികളും പൊതുജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാൻ ഇരുവരുടെയും സാന്നിധ്യം പ്രയോജനപ്പെടുത്തും. ഇതിന്റെ ഭാഗമായി വിവിധ ബോധവൽക്കരണ പരിപാടികൾ, ഡിജിറ്റൽ ക്യാമ്പയിനുകൾ, റെക്കോർഡ് ചെയ്ത സന്ദേശങ്ങൾ എന്നിവയിൽ താരങ്ങൾ സജീവ പങ്കാളികളാകും.
വനം വകുപ്പ് മേധാവിയുടെ ശുപാർശയെ തുടർന്നാണ് പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും ഓണററി സേവന വ്യവസ്ഥയിൽ (സ്വകാര്യ സേവന അടിസ്ഥാനത്തിൽ) അംബാസഡർമാരായി ചുമതലപ്പെടുത്തിയത്.





