കൊച്ചി: പ്രമുഖ ആഗോള ജ്വല്ലറി ശൃംഖലയായ ജോയ്ആലുക്കാസിന്റെ ചെയർമാനും സ്ഥാപകനുമായ ഡോ. ജോയ് ആലുക്കാസിന്റെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് 100 കോടി രൂപയുടെ ബൃഹത്തായ ജീവകാരുണ്യ പദ്ധതികൾ പ്രഖ്യാപിച്ചു. കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
നിർധന കുടുംബങ്ങൾക്കുള്ള ഭവനനിർമ്മാണം, നിർധനരുടെ ചികിത്സ, പെൺകുട്ടികളുടെ വിദ്യാഭ്യാസം, വയോജനക്ഷേമം, സ്ത്രീശാക്തീകരണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ അടിസ്ഥാനസൗകര്യ വികസനത്തിനും സാമ്പത്തിക പിന്തുണയ്ക്കുമായാണ് ഈ തുക വിനിയോഗിക്കുന്നത്. സഹായങ്ങൾ സുതാര്യമായും പൂർണ്ണമായും അർഹരായ ഗുണഭോക്താക്കളിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും, അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിലൂടെ മാത്രമേ യഥാർത്ഥ വികസനം സാധ്യമാകൂ എന്നും ഡോ. ജോയ് ആലുക്കാസ് വ്യക്തമാക്കി.
നേരത്തെ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലായി 550-ലധികം വീടുകൾ നിർമ്മിച്ച് നൽകിയ ജോയ്ആലുക്കാസ് ഗ്രൂപ്പ്, ഡയാലിസിസ്-ഹൃദ്രോഗികൾക്കുള്ള ചികിത്സാ സഹായങ്ങൾ, 'ജോയ് ഓഫ് ഹോപ്പ്' സ്കോളർഷിപ്പുകൾ, വനിതാ സംരംഭകത്വ പരിശീലനം, 'ജോയ് ഫോർ എർത്ത്' പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ദുരന്തനിവാരണ സഹായങ്ങൾ എന്നിവയും പൂർത്തിയാക്കിയിട്ടുണ്ട്.
ചടങ്ങിൽ മന്ത്രി മോൻസ് ജോസഫ്, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ഉമാ തോമസ്, ടി.ജെ. വിനോദ്, രാജൻ പല്ലൻ, കൊച്ചി മേയർ മിനിമോൾ വി.കെ., തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ, ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, ദിലീപ്, കുഞ്ചാക്കോ ബോബൻ, വ്യവസായ പ്രമുഖരായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, ഗോകുലം ഗോപാലൻ, ടി.എസ്. പട്ടാഭിരാമൻ, നവാസ് മീരാൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.





