തിരുവനന്തപുരം: മാനവീയം വീഥിയുടെ നിയന്ത്രണം ഏറ്റെടുക്കാനോ അവിടെ നടക്കുന്ന കലാ-സാംസ്കാരിക കൂട്ടായ്മകൾ തടയാനോ തിരുവനന്തപുരം നഗരസഭയ്ക്ക് അധികാരമില്ലെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡാണിതെന്നും ഇതിന്റെ നടത്തിപ്പ് ചുമതല നഗരസഭയ്ക്ക് വിട്ടുനൽകിയതായി തലസ്ഥാനവാസികൾക്ക് അറിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാനവീയം വീഥിയുടെ അടിസ്ഥാന സങ്കല്പങ്ങൾക്ക് ഭംഗം വരാത്ത രീതിയിൽ ആർക്കും അവിടെ പരിപാടികൾ സംഘടിപ്പിക്കാൻ അവകാശമുണ്ടെന്ന് ശിവൻകുട്ടി വ്യക്തമാക്കി. സ്ഥലങ്ങൾ അനധികൃതമായി കൈയേറുന്നത് മാനവീയത്തിന്റെ സംസ്കാരത്തിന് നിരക്കുന്നതല്ലെന്നും, അവിടെ അരങ്ങേറുന്ന പരിപാടികൾ ആസ്വദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടൻ പ്രകാശ് രാജ് പങ്കെടുത്ത പ്രതിഷേധ പരിപാടിക്കെതിരെ മ്യൂസിയം പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അനുമതിയില്ലാതെ സമരം നടത്തി, ഫുട്പാത്ത് കൈയേറി സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു നടപടി. പരിപാടിക്കിടെ മൈക്ക് സെറ്റും സ്പീക്കർ ബോക്സും പിടിച്ചെടുക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.





