തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങളിൽ സർക്കാർ ഉത്തരവ് ഇറങ്ങും വരെ പ്രക്ഷോഭം തുടരുമെന്നും ഇനി ഒത്തുതീർപ്പ് ചർച്ചകൾക്കില്ലെന്നും സമരസമിതി കൺവീനർ വളർമതി വ്യക്തമാക്കി. അനുപാതം കുറയ്ക്കുന്ന കാര്യത്തിൽ മാത്രമാണ് തീരുമാനമാകാനുള്ളതെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന വിഷയം അറിയാതെയാണോ അതോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണോ എന്ന് അവർ ചോദിച്ചു. എച്ച്എസ്എ തലത്തിൽ അനുപാതം കുറയ്ക്കാൻ തയ്യാറായ സർക്കാർ എന്തുകൊണ്ടാണ് എൽപി സ്കൂളുകളിൽ ഇത് നടപ്പാക്കാത്തതെന്നും അവർ ആരാഞ്ഞു.
വിദ്യാർത്ഥികളുടെ എണ്ണക്കുറവ് മൂലം 800-ഓളം അധ്യാപകരാണ് നിലവിൽ പുറത്തുനിൽക്കുന്നതെന്നും ഇതിനുള്ള ഏക പരിഹാരം അധ്യാപക-വിദ്യാർത്ഥി അനുപാതം വെട്ടിച്ചുരുക്കലാണെന്നും വളർമതി ചൂണ്ടിക്കാട്ടി. തുടക്കത്തിൽ ഡിവിഷൻ ഫോൾ ഉള്ള വിദ്യാലയങ്ങളിൽ മാത്രമായിരുന്നു ഈ ഇളവ് ആവശ്യപ്പെട്ടതെങ്കിലും, നിലവിൽ സംസ്ഥാനത്തെ എല്ലാ എൽപി സ്കൂളുകളിലും അനുപാതം കുറയ്ക്കണമെന്നതാണ് ആവശ്യമെന്നും അത് നടപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും അവർ വിശദീകരിച്ചു. വിഷയത്തിൽ 45 ദിവസം പഠനം നടത്തിയ റിപ്പോർട്ട് എവിടെയെന്ന് ചോദിച്ച വളർമതി, അത് പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു.
എയ്ഡഡ് മേഖലയിലെ പ്രതിസന്ധികൾ വേഗത്തിൽ പരിഹരിക്കുമ്പോൾ സാധാരണക്കാരെ സർക്കാർ പൂർണ്ണമായി തഴയുകയാണെന്ന് കൺവീനർ ആരോപിച്ചു. മുടി മുണ്ഡനം ചെയ്തത് കണ്ട് കണ്ണ് നിറഞ്ഞെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ സർക്കാർ തന്റെ പേരിൽ മൂന്ന് കേസുകളാണ് എടുത്തതെന്നും, വഞ്ചനാപരമായ സമീപനമാണ് ഭരണകൂടത്തിന്റേതെന്നും അവർ കുറ്റപ്പെടുത്തി. ഭരണത്തിലിരിക്കുമ്പോൾ ഒന്നും പുറത്തിരിക്കുമ്പോൾ മറ്റൊന്നും പറയുന്ന രീതി അവസാനിപ്പിക്കണമെന്നും ഇനി ഉളുപ്പില്ലാത്ത മറുപടികൾ നൽകാൻ നിൽക്കരുതെന്നും വളർമതി കൂട്ടിച്ചേർത്തു.





