തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലാ പ്രോ വൈസ് ചാൻസലറായി ഡോ. റഷീദ് അഹമ്മദിനെ നിയമിച്ച നടപടിയിൽ വിശദീകരണം തേടി സർവകലാശാലയ്ക്കും കരുവാരക്കുണ്ട് കെ.ടി.എം. കോളേജിനും ഉന്നത വിദ്യാഭ്യാസ വകുപ്പ് കത്തയച്ചു. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ റഷീദ് അഹമ്മദിനെ നിയമിച്ചതിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തിയതിന് പിന്നാലെയാണ് സർക്കാർ തലത്തിലുള്ള ഈ ഇടപെടൽ.
സർക്കാർ അനുമതി കൂടാതെ എങ്ങനെയാണ് നിയമനം നടത്തിയതെന്നും പ്രൊഫസറായിരുന്ന കെ.ടി.എം. കോളേജിൽ നിന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ വിടുതൽ ചെയ്തതെന്നും സർക്കാർ ആരാഞ്ഞു. നിയമനത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമാക്കി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനും സർവകലാശാലയോട് നിർദ്ദേശിച്ചിട്ടുണ്ട്.
റഷീദ് അഹമ്മദ് മുസ്ലിം ലീഗ് നേതാവാണെങ്കിലും, സംഘടനയുടെ നോമിനിയായി പരിഗണിച്ചിരുന്നത് ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ സക്കീർ ഹുസൈനെയായിരുന്നു. എന്നാൽ ലീഗിന്റെ നിർദ്ദേശം മറികടന്ന് വ്യക്തിതാൽപര്യത്തിന്റെ പേരിൽ വൈസ് ചാൻസലർ റഷീദ് അഹമ്മദിനെ നിയമിക്കുകയായിരുന്നുവെന്നാണ് മുസ്ലിം ലീഗിന്റെ ആരോപണം.





