തിരുവനന്തപുരം: 123 ദിവസമായി തുടരുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിൽ സർക്കാർ നിലപാട് മാറ്റാത്തതിനെ തുടർന്ന് ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി സിജെപി. കേരള ഘടകത്തിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ രാവിലെ എട്ട് മണി മുതൽ 12 മണിക്കൂർ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു.
പഠിച്ച് റാങ്ക് പട്ടികയിൽ ഇടംപിടിച്ചിട്ടും നിയമനത്തിനായി തെരുവിലിറങ്ങേണ്ടി വരുന്ന സാഹചര്യം ഒരു വിഭാഗത്തിന്റേത് മാത്രമല്ലെന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ സിജെപി സൗത്ത് സോൺ കോർഡിനേറ്റർമാർ വ്യക്തമാക്കി. ഇത് വെറുമൊരു സൂചനാ സമരം മാത്രമാണെന്നും ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കുന്നത് വരെ ഒപ്പമുണ്ടാകുമെന്നും അവർ പറഞ്ഞു. സുതാര്യമായ റിക്രൂട്ട്‌മെന്റ് സംവിധാനം അനിവാര്യമാണെന്നും എയ്ഡഡ് സ്‌കൂളുകൾക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും സിജെപി മീഡിയ കോഡിനേറ്റർ വിജയ് റെഡ്ഡി മല്ലങ്കിയും കുറ്റപ്പെടുത്തി.
അധ്യാപക-വിദ്യാർത്ഥി അനുപാതം കുറച്ചാൽ മാത്രമേ നിയമന കാര്യത്തിൽ ശാശ്വത പരിഹാരമുണ്ടാകൂ എന്നും ഇത് നടപ്പാക്കാതിരിക്കുന്നത് ഭരണകൂടത്തിന്റെ ധാർഷ്ട്യമാണെന്നും സമരസമിതി നേതാവ് വളർമതി പ്രതികരിച്ചു. പ്രതിപക്ഷത്തിരുന്നപ്പോൾ ന്യായമെന്ന് തോന്നിയ വിഷയം അധികാരത്തിലെത്തിയപ്പോൾ മാറ്റുന്നത് വോട്ടിന് വേണ്ടിയുള്ള വാചാലതയാണോ എന്ന് ജനം വിലയിരുത്തുമെന്നും പ്രശ്നം പരിഹരിക്കുംവരെ ശക്തമായി മുന്നോട്ടുപോകുമെന്നും അവർ കൂട്ടിച്ചേർത്തു.





