തിരുവനന്തപുരം: ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാം കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ഇൻസ്റ്റാഗ്രാം സന്ദേശങ്ങളെച്ചൊല്ലിയുള്ള വൈരാഗ്യമാണെന്ന് പുതിയ വിവരങ്ങൾ. അഭിറാം നിരന്തരമായി തനിക്ക് ഇൻസ്റ്റാഗ്രാമിൽ സന്ദേശങ്ങൾ അയക്കാറുണ്ടെന്ന് പെൺകുട്ടി കാമുകനായ പതിനേഴുകാരനോട് പറയുകയും, തുടർന്ന് ഈ പെൺകുട്ടിയെ ഉപയോഗിച്ച് അഭിറാമിനെ പാങ്ങപ്പാറയിലേക്ക് തന്ത്രപൂർവ്വം വിളിച്ചുവരുത്തി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് നിഗമനം.
കേസിൽ കസ്റ്റഡിയിലുള്ള ശ്രീകാര്യം സ്വദേശി ഉമറും കൊലപാതകം നടത്തിയ പതിനേഴുകാരനും സുഹൃത്തുക്കളാണ്. ഇരുവരും ചേർന്നാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉമർ നേരത്തെ മോഷണക്കേസുകളിലും പ്രതിയാണ്; കഴിഞ്ഞ വർഷം തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിന് സമീപം തലയിൽക്കോണത്ത് വീട്ടുകാർ ഗുരുവായൂർ ദർശനത്തിന് പോയ സമയത്ത് പ്രായപൂർത്തിയാകാത്തയാളെ ഒപ്പം കൂട്ടി 85,000 രൂപയും അരപ്പവനും കവർന്ന കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗർ സ്വദേശിയായ അഭിറാമിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം ഞായറാഴ്ച വൈകുന്നേരം ശ്രീകാര്യം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിൽ തിങ്കളാഴ്ചയാണ് വഴിയോരത്ത് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.





