തിരുവനന്തപുരം: പാങ്ങപ്പാറയിൽ പതിനേഴുകാരനായ അഭിറാം കൊല്ലപ്പെട്ട കേസിൽ ഒരാളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കേസിൽ കസ്റ്റഡിയിലായവരുടെ എണ്ണം മൂന്നായി ഉയർന്നു. കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടോയെന്ന കാര്യത്തിൽ വിശദമായ ചോദ്യംചെയ്യൽ പുരോഗമിക്കുകയാണെന്നും കൃത്യം നടക്കുമ്പോൾ ഉമർ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് വ്യക്തമായതായും പോലീസ് അറിയിച്ചു.
മറ്റൊരു വിദ്യാർത്ഥിയെ അഭിറാം മുഖേന വിളിച്ചുവരുത്താനായിരുന്നു തങ്ങളുടെ പദ്ധതിയെന്നും പരുത്തിപ്പാറ എൻഎസ്എസ് ഹൈസ്കൂളിലെ വിദ്യാർത്ഥിയായ അഭിറാമിനെ വധിക്കാൻ ലക്ഷ്യമിട്ടിരുന്നില്ലെന്നും മുഖ്യപ്രതിയായ പതിനേഴുകാരൻ മൊഴി നൽകി. തെളിവെടുപ്പിനിടെയാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്. സംസാരിക്കുന്നതിനിടയിൽ അഭിറാമുമായി പെട്ടെന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഇയാളുടെ മൊഴി.
കൊല്ലപ്പെട്ട അഭിറാമിന്റെ സുഹൃത്തായ മുഖ്യപ്രതിയെ ഇന്നലെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് പൂർത്തിയാക്കി. അഭിറാമിന്റെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികളും ഫോറൻസിക് പരിശോധനകളും പൂർത്തിയായിട്ടുണ്ട്.





