പത്തനംതിട്ട: ബലാത്സംഗക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ, കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ, പരാതിക്കാരിയായ ശ്രീനാദേവി കുഞ്ഞമ്മ എന്നിവരെ പരസ്യമായ തുറന്ന സംവാദത്തിന് ക്ഷണിച്ച് രാജൻ ജോസഫ് രംഗത്ത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇയാൾ ഈ ആവശ്യം മുന്നോട്ടുവെച്ചത്.
ഇത് വെല്ലുവിളിയല്ലെന്നും വെറുമൊരു ക്ഷണം മാത്രമാണെന്നും വ്യക്തമാക്കിയ രാജൻ ജോസഫ്, വെല്ലുവിളിക്കാൻ തങ്ങളുടെ പക്കൽ വയനാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ പണമില്ലെന്നും പരിഹസിച്ചു. കേരളത്തിലെ പ്രമുഖ മുഖ്യധാരാ ടെലിവിഷൻ ചാനലുകളെയും യൂട്യൂബ് മാധ്യമങ്ങളെയും താൻ തന്നെ ചർച്ചയ്ക്കായി ക്ഷണിക്കാമെന്നും എതിർഭാഗത്ത് താൻ ഒറ്റയ്ക്ക് മതിയെന്നും കുറിപ്പിൽ പറയുന്നു.





