തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിൽ രണ്ട് പുതിയ ബാറുകൾക്ക് അനുമതി നൽകിയ ഉത്തരവ് പുറത്തുവന്നു. ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡിനാണ് എഫ്എൽ 7 (FL 7) വിഭാഗത്തിലുള്ള രണ്ട് ലോഞ്ച് ബാർ ലൈസൻസുകൾ അനുവദിച്ചത്. ജൂൺ 22-ന് എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവു പുറപ്പെടുവിച്ച ഉത്തരവിനെക്കുറിച്ച് എക്സൈസ് മന്ത്രി എം. ലിജു അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.
വിഷയത്തിൽ കടുത്ത അതൃപ്തിയിലായ മന്ത്രി, എക്സൈസ് കമ്മീഷണറെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന നിലപാടിലേക്ക് എത്തുന്നതായാണ് സൂചന. എറണാകുളത്തും കോട്ടയത്തും ബാറുകളുടെ ലൈസൻസ് തരംമാറ്റി നൽകിയ ക്രമക്കേടിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. നടപടി നേരിട്ട ഈ ഉദ്യോഗസ്ഥരെ പിന്തുണച്ചുകൊണ്ടുള്ള നിലപാട് എക്സൈസ് കമ്മീഷണർ സ്വീകരിച്ചതിലും വകുപ്പ് മന്ത്രിക്ക് രൂക്ഷമായ അതൃപ്തിയുണ്ട്.





