കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി മുൻ വൈസ് ചാൻസലർമാരും പ്രൊ വൈസ് ചാൻസലർമാരും രംഗത്ത്. പഠനവകുപ്പുകളിലെ സെമസ്റ്റർ പരീക്ഷകൾ ഉടൻ ആരംഭിക്കാനിരിക്കെ, 60 ദിവസമായി സസ്‌പെൻഷനിൽ തുടരുന്ന 16 വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന കേരള ഹൈക്കോടതി നിർദ്ദേശവും വിദ്യാർത്ഥികളുടെ ഭാവിയും പരിഗണിച്ച് അവർക്ക് പരീക്ഷയെഴുതാൻ അനുമതി നൽകണമെന്നും ഇതര പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും സംയുക്ത പ്രസ്താവനയിലൂടെ ഇവർ ആവശ്യപ്പെട്ടു.
മുൻ വൈസ് ചാൻസലർമാരായ ഡോ. ധർമ്മരാജ് അടാട്ട്, ഡോ. എം.വി. നാരായണൻ, ഡോ. ജെ. പ്രസാദ്, മുൻ പ്രൊ വൈസ് ചാൻസലർമാരായ ഡോ. കെ.എസ്. രവികുമാർ, ഡോ. കെ. മുത്തുലക്ഷ്മി, ഡോ. എസ്. രാജശേഖരൻ, മുൻ പ്രിൻസിപ്പൽ ഡീൻ ഡോ. എൻ.കെ. ശങ്കരൻ എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത്.
വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് 16 പേരെ സർവകലാശാല നേരത്തെ സസ്‌പെൻഡ് ചെയ്തത്.





