തിരുവനന്തപുരം: അടൂർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി പ്രതിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ കേസിൽ നിന്ന് ഒഴിവാക്കിയേക്കും. ലോക്കപ്പിന് മുന്നിൽ അവർ നിന്നത് ഒരു മിനിറ്റിൽ താഴെ മാത്രമാണെന്ന സിസിടിവി ദൃശ്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നാണ് വിവരം. അതേസമയം, നിലവിലെ എഫ്ഐആറിലെ വകുപ്പുകൾ നിലനിർത്തിക്കൊണ്ട് യൂത്ത് കോൺഗ്രസ് നേതാവ് ഫെനി നൈനാൻ അടക്കമുള്ള മറ്റ് പ്രതികൾക്കെതിരെ നടപടികൾ തുടരും.
പോലീസിന്റെ അനുമതിയോടെയാണ് ശ്രീനാദേവി കുഞ്ഞമ്മ സ്റ്റേഷനിൽ പ്രവേശിച്ചതെന്നും, ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടയുടൻ ലോക്കപ്പ് പരിസരത്തുനിന്ന് അവർ പിന്മാറിയതായും കണ്ടെത്തിയിട്ടുണ്ട്.
പരാതിക്കാരി എന്ന പദവിയിൽ പ്രതിയെ തിരിച്ചറിയാൻ വേണ്ടി മാത്രമാണ് താൻ അകത്തു കടന്നതെന്നും സെല്ലിനുള്ളിൽ പ്രവേശിച്ചിട്ടില്ലെന്നും ശ്രീനാദേവി കുഞ്ഞമ്മ നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.





