വർക്കല: വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ മുപ്പതുകാരിയായ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. വർക്കല തച്ചോട് പൈപ്പിൻമൂട് സ്വദേശികളായ ഷാജി-ജയ ദമ്പതികളുടെ മകൾ ജിഷയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവം.
ഈ മാസം 20-ന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വർക്കല സ്വദേശിയായ അജി നടേശനുമായി ജിഷയുടെ രണ്ടാം വിവാഹം നടന്നത്. എന്നാൽ ഈ വിവാഹത്തോട് ജിഷയുടെ വീട്ടുകാർ അനുകൂല നിലപാടിലായിരുന്നില്ല. സംഭവത്തിൽ നിലവിൽ ദുരൂഹതകൾ ഒന്നും സംശയിക്കുന്നില്ലെങ്കിലും വ്യക്തത വരുത്തുന്നതിനായി ജിഷയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് വിശദമായി പരിശോധിക്കാൻ പോലീസ് തീരുമാനിച്ചു.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടക്കുന്ന പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായ ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് അന്വേഷണസംഘം അറിയിച്ചു. വർക്കല സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
(ജീവിതത്തിലെ വിഷമസന്ധികൾക്ക് ആത്മഹത്യയല്ല പരിഹാരം. മാനസിക സമ്മർദ്ദങ്ങൾ മറികടക്കാൻ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ദിശ ഹെൽപ്പ് ലൈൻ നമ്പർ: 1056).





