കൊച്ചി: കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായുള്ള വിവരശേഖരണത്തിനുള്ള സമയപരിധി നീട്ടാൻ സുപ്രീം കോടതി വിസമ്മതിച്ചു. സമയപരിധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. വോട്ടർപട്ടികയിലെ തിരുത്തലുകളും പുതിയ പേരുകൾ ഉൾപ്പെടുത്തുന്ന നടപടികളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു.
തീവ്ര പരിഷ്കരണത്തിന് പിന്നാലെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 24 ലക്ഷം ആളുകളിൽ പലർക്കും ഇതുവരെ അപേക്ഷ സമർപ്പിക്കാൻ സാധിച്ചിട്ടില്ലെന്നും അതിനാൽ കൂടുതൽ സമയം അനുവദിക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ എസ്ഐആർ എന്നത് നിരന്തരമായ ഒരു തുടർപ്രക്രിയയാണെന്നും പട്ടികയിൽ നിന്ന് പുറത്തായവർക്ക് ഇനിയും പരാതികൾ നൽകാമെന്നും കോടതി വ്യക്തമാക്കി.
പരാതിയുള്ളവർക്ക് രേഖാമൂലം അപേക്ഷ നൽകാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, വിഷയത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നത് വരെ കേരളത്തിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ തീർപ്പാക്കാതെ നിലനിർത്തുമെന്നും അറിയിച്ചു.





