വർക്കല: വർക്കലയിൽ വറ്റ മത്സ്യം കഴിച്ചതിനെത്തുടർന്ന് രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഒട്ടേറെ ആളുകൾ ശാരീരികാസ്വാസ്ഥ്യങ്ങളെത്തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ (ഡിഎംഒ) കർശന നിർദ്ദേശത്തെത്തുടർന്ന് വെട്ടൂർ മേഖലയിൽ വറ്റ മത്സ്യത്തിന്റെ വിൽപന പൂർണ്ണമായും നിർത്തിവെപ്പിച്ചു.
തീരദേശ മേഖലയിൽ കഴിഞ്ഞ രണ്ടുദിവസമായി വലിയ തോതിൽ വറ്റ മത്സ്യത്തിന്റെ ചാകരയുണ്ടായിരുന്നു. വിഷയത്തിൽ പരിഭ്രാന്തിപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് ശാരീരിക അസുഖങ്ങൾ മുൻപേയുള്ളവരിലാണ് ഇത് കൂടുതൽ സങ്കീർണ്ണതകൾ സൃഷ്ടിക്കുന്നതെന്നും വർക്കല ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളുടെ ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടർ ഷാനി വ്യക്തമാക്കി.





