തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിൽ എത്തുന്ന ഉപഭോക്താക്കളുടെ ആധാർ കാർഡ് പരിശോധിച്ച് പ്രായം ഉറപ്പുവരുത്തിയ ശേഷം മാത്രമേ മദ്യം വിൽക്കാവൂ എന്ന് എക്സൈസ് മന്ത്രി എം. ലിജു ഉത്തരവിട്ടു. കേരളത്തിലെ നിയമപ്രകാരമുള്ള കുറഞ്ഞ മദ്യപാന പ്രായപരിധി 23 വയസ്സാണെന്നും, പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകുന്ന ബാറുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി കർശന മുന്നറിയിപ്പ് നൽകി.
നെടുമ്പാശ്ശേരിയിൽ അപകടമുണ്ടായ സാഹചര്യത്തിൽ എക്സൈസിനോട് കേസെടുക്കാൻ നിർദ്ദേശിച്ചത് താനാണെന്ന് വ്യക്തമാക്കിയ മന്ത്രി, കുട്ടികൾക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ ഇതിനകം സസ്പെൻഷൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. പ്രായപരിശോധനാ വിഷയത്തിൽ ഇനി യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ആധാർ രേഖകൾ പരിശോധിച്ച് മാത്രമേ മദ്യം വിതരണം ചെയ്യാൻ പാടുള്ളൂവെന്നും അദ്ദേഹം ആവർത്തിച്ചു.
വലിയ രീതിയിൽ കൊട്ടിഘോഷിക്കപ്പെടുന്നില്ലെങ്കിലും നിലവിൽ എക്സൈസ് വകുപ്പ് മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്നും മന്ത്രി എം. ലിജു അഭിപ്രായപ്പെട്ടു.





