കൊച്ചി: നടൻ മമ്മൂട്ടിയുമായുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ ഉയർന്ന സൈബർ വിമർശനങ്ങളെ പൂർണ്ണമായും തള്ളി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. മമ്മൂട്ടി മലയാളികളുടെ പൊതുസ്വത്തും സ്വകാര്യ അഹങ്കാരവുമാണെന്നും, അദ്ദേഹത്തെപ്പോലുള്ള പ്രതിഭകളെ പ്രത്യേക ചട്ടക്കൂടുകളിൽ ഒതുക്കിനിർത്തേണ്ടതില്ലെന്നും ചിന്ത ജെറോം റിപ്പോർട്ടർ ചാനലിനോട് വ്യക്തമാക്കി. മുൻപുണ്ടായ ഏതെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഒരു വ്യക്തിയുടെ ദീർഘകാലത്തെ നിലപാടുകളോ സാമൂഹിക ഇടപെടലുകളോ റദ്ദാക്കപ്പെടുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
മമ്മൂട്ടിയുടെ കടവന്ത്രയിലെ വസതിയിൽ മൂന്നര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയാണ് ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതൃത്വം നടത്തിയത്. രാഷ്ട്രീയ വിഷയങ്ങളും പുതിയ തലമുറയുടെ കാഴ്ചപ്പാടുകളും ചർച്ച ചെയ്ത ഈ സൗഹൃദ സംവാദം ഇടതുപക്ഷത്തിന് ലഭിച്ച വലിയൊരു അംഗീകാരമായാണ് സംഘടനകൾ കാണുന്നതെന്നും വിവാദങ്ങളല്ല ഇത്തരം സംവാദങ്ങളാണ് ആവശ്യമെന്നും അവർ പറഞ്ഞു.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ, പ്രസിഡന്റ് ചിന്ത ജെറോം, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, പ്രസിഡന്റ് എം. ശിവപ്രസാദ് എന്നിവർ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെ ഇടത് സൈബർ ഹാൻഡിലുകളിൽ നിന്ന് രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധാനമായും സൈബർ അണികളുടെ പ്രതിഷേധം. സമരമുഖങ്ങളിൽ ഐക്യപ്പെടാത്ത മമ്മൂട്ടി റഫീഖിനെ മുൻപ് അപമാനിച്ചത് മറക്കില്ലെന്നും, സൈബർ സഖാക്കളെ വെല്ലുവിളിക്കരുതെന്നും കുറ്റപ്പെടുത്തിയാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ പ്രചരിച്ചത്.





