തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലാ സിഎസ്‌യു തെരഞ്ഞെടുപ്പിനിടെ പരിക്കേറ്റവരെ കാണാനെത്തിയ എസ്എഫ്ഐ പ്രവർത്തകരെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ കയറി മർദ്ദിച്ച എംഎസ്എഫ് അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ച അദ്ദേഹം, പൊലീസിന്റെ സാന്നിധ്യത്തിലാണ് ഗുണ്ടാസംഘം അഴിഞ്ഞാടിയതെന്നും കുറ്റപ്പെടുത്തി. നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിരോധവും പ്രതിഷേധവും തിരിച്ചടിയും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐക്കാർ അടക്കം നിരവധിപേർക്ക് പരിക്കേൽക്കുകയും ഒട്ടേറെ വാഹനങ്ങൾ തകർക്കപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിയ വിദ്യാർത്ഥി നേതാക്കളെ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ്, കെഎസ്യു നേതൃത്വത്തിലുള്ള സംഘം അതിക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ബോധപൂർവ്വം കലാപം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള വലിയ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സമ്പന്നരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മക്കൾക്ക് എന്തും ചെയ്യാമെന്ന സാഹചര്യം സംസ്ഥാനത്തുണ്ടെന്ന് വിമർശിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി, ഇത്തരം ജനാധിപത്യവിരുദ്ധ കടന്നാക്രമണങ്ങൾക്കെതിരെ മുസ്ലിം ലീഗ് നടപടിയെടുക്കണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.





