തിരുവനന്തപുരം: നിപ രോഗികൾക്ക് കാലാവധി തീർന്ന മരുന്ന് നൽകിയെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ പറഞ്ഞത് വസ്തുതാവിരുദ്ധമാണെന്നും സഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി പ്രസ്താവന തിരുത്തി മാപ്പ് പറയണമെന്നും മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗികൾക്ക് നൽകിയ മരുന്നുകളുടെയും ചികിത്സയുടെയും സമഗ്രമായ വിവരങ്ങൾ സർക്കാരിന്റെ പക്കൽ ഭദ്രമായിരിക്കെ, ഇത്തരമൊരു ഗൗരവമേറിയ വിഷയത്തിൽ മന്ത്രി തികച്ചും നിരുത്തരവാദപരമായാണ് സംസാരിച്ചതെന്നും റിപ്പോർട്ടറിന് നൽകിയ പ്രതികരണത്തിൽ അവർ ചൂണ്ടിക്കാട്ടി. അട്ടപ്പാടിയിലെ ശിശുമരണം ഉൾപ്പെടെ ആരോഗ്യവകുപ്പിൽ നിലനിൽക്കുന്ന നിരന്തര പ്രശ്നങ്ങൾ മറച്ചുവെക്കാനും ജനങ്ങളെ ഭയപ്പെടുത്താനുമാണ് മന്ത്രി ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു.
മാത്യു കുഴൽനാടൻ എംഎൽഎയെക്കൊണ്ട് ചോദ്യം ചോദിപ്പിച്ച് കൃത്യമായ മറുപടി തയ്യാറാക്കാൻ സമയം ലഭിച്ചിട്ടും, എത്രപേർ മരിച്ചുവെന്ന് തനിക്കറിയില്ലെന്ന തരത്തിലാണ് മന്ത്രി സംസാരിച്ചതെന്ന് വീണ കുറ്റപ്പെടുത്തി. സാധാരണക്കാർക്ക് പോലും മരുന്നിലെ കാലാവധി തീയതി വായിച്ചു മനസ്സിലാക്കാൻ സാധിക്കും. ബഹ്‌റൈനിൽ നിന്നാണ് മരുന്ന് വാങ്ങിയതെന്നിരിക്കെ, അത് വിദേശരാജ്യമല്ലേ എന്നും അവർ ചോദിച്ചു.
ആകെ അഞ്ച് നിപ രോഗികൾക്കാണ് ഈ മരുന്ന് നൽകിയതെന്നും അവരെല്ലാം നിലവിൽ ജീവനോടെയുണ്ടെന്നും മുൻ മന്ത്രി വ്യക്തമാക്കി. 70 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമായിട്ടും ഫലപ്രദമായ മരുന്നുകൾ നൽകിയാണ് കേരളത്തിൽ മരണനിരക്ക് കുറച്ചത്. 2023 ജൂലൈയിൽ മരുന്നിന്റെ കാലാവധി അവസാനിച്ചിരുന്നുവെങ്കിൽ പോർട്ടൽ തനിയെ ലോക്കാകുമെന്നിരിക്കെ, ഒരു സ്ഥാപനത്തിൽ നിന്നും മറ്റൊന്നിലേക്ക് മരുന്ന് മാറ്റാൻ പോലും സാധിക്കില്ലെന്നും സാങ്കേതിക വശങ്ങൾ വിശദീകരിച്ച് വീണാ ജോർജ് വ്യക്തമാക്കി.





