തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണെന്നും നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. ഉയർന്ന വില നൽകി വൈദ്യുതി വാങ്ങേണ്ടി വരുന്നത് വെല്ലുവിളിയാണെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. പ്രതിസന്ധി മറികടക്കാനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ചർച്ച നടത്തിയിരുന്നു.
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിലുണ്ടായ അഭൂതപൂർവ്വമായ വർധനവും റദ്ദാക്കപ്പെട്ട ദീർഘകാല വൈദ്യുതി കരാറുകളുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. നിലവിൽ റദ്ദാക്കിയ കരാറുകൾ പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. നിലവിൽ ഹിമാചൽ പ്രദേശിൽ നിന്നാണ് കേരളം പ്രധാനമായും വൈദ്യുതി വാങ്ങുന്നത്; ഇവിടെനിന്നു മാത്രമല്ല, മറ്റ് സ്രോതസ്സുകളിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
ഇത് കേരളം മാത്രം നേരിടുന്ന പ്രശ്നമല്ലെന്നും ദേശീയ തലത്തിൽ നിലനിൽക്കുന്ന പൊതുപ്രതിസന്ധിയാണെന്നും വ്യക്തമാക്കിയ മന്ത്രി, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താതിരിക്കാൻ സാധ്യമായ എല്ലാ വഴികളും തേടുമെന്നും അറിയിച്ചു.





