തിരുവനന്തപുരം: സ്കൂളുകളിലെ യഥാർത്ഥ ഒഴിവുകൾക്കനുസരിച്ച് മാത്രമേ അധ്യാപക നിയമനം സാധ്യമാകൂവെന്നും പ്രായോഗികമല്ലാത്ത ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിനെ മുൾമുനയിൽ നിർത്താനാണ് എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ ശ്രമിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. റാങ്ക് ലിസ്റ്റിലുള്ളവർക്ക് ജോലി ലഭിക്കണമെന്നതാണ് സർക്കാരിന്റെയും കാഴ്ചപ്പാടെന്നും ബന്ധപ്പെട്ട ഡിഡിഇമാർ വഴി ലഭ്യമായ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉദ്യോഗാർത്ഥികൾ മുന്നോട്ടുവെച്ച അഞ്ച് പ്രധാന ആവശ്യങ്ങളിൽ നാലെണ്ണവും സർക്കാർ അംഗീകരിച്ചതാണെന്ന് മന്ത്രി പറഞ്ഞു. എന്നാൽ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ വലിയ ബാധ്യതയുണ്ടാക്കുന്ന 1:25 എന്ന വിദ്യാർത്ഥി-അധ്യാപക അനുപാതം നടപ്പാക്കാൻ വകുപ്പിന് അനുകൂല നിലപാടില്ല. എൽപിഎസ്ടി മാത്രമല്ല രാജ്യത്ത് ഒട്ടേറെ റാങ്ക് ലിസ്റ്റുകൾ നിലവിലുണ്ടെന്നും, ചെയ്യാൻ കഴിയുന്ന സൗകര്യങ്ങൾ സർക്കാർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റിപ്പോർട്ടർ ചാനലിന് നൽകിയ പ്രതികരണത്തിലാണ് അദ്ദേഹം വിവരങ്ങൾ വെളിപ്പെടുത്തിയത്.
സമരം രാഷ്ട്രീയപ്രേരിതമാണെന്ന് താൻ ആരോപിക്കുന്നില്ലെങ്കിലും അത്തരം ആക്ഷേപങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരുമായും സംസാരിക്കാൻ പോലും കഴിയാതിരുന്ന ഉദ്യോഗാർത്ഥികളുമായി തങ്ങൾ എട്ടുതവണ ചർച്ച നടത്തുകയും മുഖ്യമന്ത്രിയെ നേരിൽ കാണാൻ അവസരമൊരുക്കുകയും ചെയ്തിരുന്നു; അതിനാൽ ചർച്ചയ്ക്ക് അവർ തയ്യാറല്ലെങ്കിൽ ഇനി വിളിച്ചിട്ട് കാര്യമില്ലെന്നും എൻ. ഷംസുദ്ദീൻ കൂട്ടിച്ചേർത്തു.





