തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് രണ്ടു വർഷം പിന്നിട്ടിട്ടും നിയമനം നൽകാതെ സർക്കാർ വാഗ്ദാനം ലംഘിച്ചെന്നാരോപിച്ച് സെക്രട്ടറിയേറ്റിന് മുന്നിലെ സമരം 113-ാം ദിവസത്തിലേക്ക്. പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗാർത്ഥിയായ വളർമതി തല മുണ്ഡനം ചെയ്യുകയും ഇന്നുമുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയും ചെയ്തു.
വലിയ പ്രതീക്ഷയോടെയാണ് ഉദ്യോഗാർത്ഥികൾ ചർച്ചയ്ക്ക് പോയതെന്നും എന്നാൽ സർക്കാരിൽനിന്ന് യാതൊരു ദാക്ഷിണ്യവുമുണ്ടായില്ലെന്നും വളർമതി കുറ്റപ്പെടുത്തി. മുൻപ് പ്രതിപക്ഷ നേതാവായിരിക്കെ പിഎസ്‌സി ഉദ്യോഗാർത്ഥികളുടെ വിഷയങ്ങളിൽ വാചാലനായി സംസാരിച്ചിരുന്ന ഇന്നത്തെ മുഖ്യമന്ത്രി ഇപ്പോൾ പ്രശ്നം പരിഗണിക്കാൻ പോലും തയ്യാറാകുന്നില്ലെന്ന് അവർ തുറന്നടിച്ചു. മാന്യമായ നീതി ഉറപ്പാക്കുന്നതുവരെ മരണം വരെ നിരാഹാരം തുടരുമെന്നും അവർ വ്യക്തമാക്കി.
സമരം നീട്ടിക്കൊണ്ടുപോയി പൊളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ മന്ത്രി സമയം ചോദിച്ചതെന്നും ഇതുവരെ മുഖ്യമന്ത്രിയെ നേരിൽ കാണാൻ അനുവദിച്ചിട്ടില്ലെന്നും വളർമതി ആരോപിച്ചു. മുഖ്യമന്ത്രിക്കും കോഴ ലഭിക്കുന്നുണ്ടാകാമെന്നും അതുകൊണ്ടായിരിക്കാം അനുകൂല തീരുമാനങ്ങൾ വൈകുന്നതെന്നും കുറ്റപ്പെടുത്തിയ അവർ, മുഖ്യമന്ത്രിയെ വീണ്ടും കാണാൻ ശ്രമിക്കുമെന്നും കഷ്ടപ്പെട്ട് പഠിച്ചു നേടിയ റാങ്ക് ലിസ്റ്റിൽനിന്ന് ജോലി നേടിയേ അടങ്ങൂ എന്നും കൂട്ടിച്ചേർത്തു.





