പത്തനംതിട്ട: ശബരിമലയിലെ ഹോട്ടൽ ജീവനക്കാർക്ക് വ്യാജ ഹെൽത്ത് കാർഡുകൾ ഒപ്പിട്ടുനൽകിയ സംഭവത്തിൽ സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. വിൻസെന്റ് സേവ്യറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. റിട്ടയേർഡ് സിവിൽ സർജനായ ഇദ്ദേഹം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കരാർ വ്യവസ്ഥയിലാണ് ജോലി ചെയ്തിരുന്നത്. കാർഡുകൾ നൽകിയ സീതത്തോട്ടിലെ 'അമ്മ മെഡിക്കൽ ലാബി'ന് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ ഇല്ലെന്നും പരിശോധനയിൽ കണ്ടെത്തി.
ജീവനക്കാരെ നേരിട്ട് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കാതെയാണ് ഹെൽത്ത് കാർഡുകളിൽ ഒപ്പിട്ടുനൽകിയതെന്ന് സീതത്തോട് മെഡിക്കൽ ഓഫീസർ നൽകിയ മെമ്മോയ്ക്ക് ഡോക്ടർ വിശദീകരണം നൽകിയിരുന്നു. ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിൽ ഡോക്ടറുടെ ഒപ്പ് സ്ഥിരീകരിച്ചതോടെയാണ് സസ്പെൻഷൻ നടപടിയിലേക്ക് കടന്നത്.
സന്നിധാനം ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി. പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടൽ ജീവനക്കാരെന്ന വ്യാജേനയെത്തിയാണ് സീതത്തോട്ടിലെ ലാബിൽനിന്ന് വ്യാജ കാർഡുകൾ പിടികൂടിയത്. അനധികൃതമായി പ്രവർത്തിച്ച ലാബിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഉടൻതന്നെ സീതത്തോട് പഞ്ചായത്തിന് റിപ്പോർട്ട് കൈമാറും.





