തിരുവനന്തപുരം: ചേരാനല്ലൂർ വാഹനാപകട കേസിൽ ജഡ്ജിയുടെ മകനായാലും നിയമം എല്ലാവർക്കും തുല്യമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ വ്യക്തമാക്കി. സംഭവത്തിൽ സർക്കാരിന് ഒന്നും ഒളിപ്പിക്കാനില്ലെന്നും, കൃത്യവിലോമം കാട്ടിയ പൊലീസുകാർക്കെതിരെ ഇന്ന് തന്നെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
സ്കൂട്ടറിൽ യാത്ര ചെയ്ത പാവപ്പെട്ട മനുഷ്യന്റെ കുടുംബം ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും അംഗീകരിച്ചതിനെ തുടർന്നാണ് ഇന്നലെ സമരം അവസാനിപ്പിച്ചത്. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയ പൊലീസിന്റെ നടപടിയെ ന്യായീകരിക്കില്ലെന്നും, വാഹനത്തിന്റെ ഉടമയ്‌ക്കെതിരെ കേസെടുത്ത് ഹൈക്കോടതി രജിസ്ട്രാറെ രേഖാമൂലം വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത 17 കാരന് ജുവനൈൽ മജിസ്‌ട്രേറ്റ് ജാമ്യം നൽകാൻ പാടില്ലായിരുന്നുവെന്നും ജഡ്ജിയുടെ പേരിൽ നടപടിയെടുക്കാൻ സർക്കാരിനാകില്ലെങ്കിലും കുടുംബത്തിന് ആവശ്യമായ എല്ലാ സംരക്ഷണവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഔദ്യോഗിക കാര്യങ്ങൾ ഇല്ലാതിരുന്നിട്ടും സ്റ്റേഷനിലെത്തി ജഡ്ജി പൊട്ടിത്തെറിക്കുകയാണുണ്ടായതെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം വളരെ മോശമായിരുന്നുവെന്നും മന്ത്രി വിമർശിച്ചു. നെടുമ്പാശേരി വാഹനാപകട കേസിൽ നിശാന്തിനി ഐപിഎസിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ മാതൃകാപരമായ ഇടപെടലുകളും അന്വേഷണ പുരോഗതിയും അദ്ദേഹം സഭയിൽ എടുത്തുപറഞ്ഞു.





