കൊച്ചി: അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൊച്ചി ദേശീയപാതയിലെ ആലുവ മാർത്താണ്ഡവർമ്മ പഴയപാലവും ദേശം പാലവും നാളെ മുതൽ പത്ത് ദിവസത്തേക്ക് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. നാളെ മുതൽ നവംബർ ഏഴാം തീയതി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത ദിവസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കുമെന്നാണ് ദേശീയപാത അധികൃതർ ജനപ്രതിനിധികൾക്ക് ഉറപ്പുനൽകിയിട്ടുള്ളത്.
മാർത്താണ്ഡവർമ്മ പഴയപാലം പൂർണ്ണമായും അടച്ചിടുമ്പോൾ, ദേശം പാലത്തിൽ ഒരു നിരയായി മാത്രമായിരിക്കും വാഹന ഗതാഗതം അനുവദിക്കുക. തൃശൂർ ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന വലിയ ഭാരവാഹനങ്ങൾ അങ്കമാലിയിൽ നിന്ന് കാലടി-പെരുമ്പാവൂർ റോഡ് വഴി തിരിഞ്ഞുപോകണം. എറണാകുളം ഭാഗത്തുനിന്നുള്ള ഭാരവാഹനങ്ങൾ കളമശ്ശേരിയിൽ നിന്ന് കണ്ടെയ്നർ റോഡ് വഴി പറവൂർ ഭാഗത്തേക്ക് പോകേണ്ടതാണ്. അങ്കമാലി, പറവൂർ ഭാഗങ്ങളിൽ നിന്നെത്തുന്ന ബസുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും പറവൂർ കവലയിൽ നിന്ന് മണപ്പുറം ഭാഗത്തേക്ക് തിരിയാതെ ഹൈവേ മാർഗ്ഗം മാത്രം സഞ്ചരിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
മാർത്താണ്ഡവർമ്മ പുതിയ പാലത്തിലൂടെ ഇരുവശങ്ങളിലേക്കും ഒരേസമയം ഒരു വരിയായി ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി സിയാൽ വിമാനത്താവലത്തിലേക്ക് യാത്ര ചെയ്യുന്നവർ യാത്രാസമയം മുൻകൂട്ടി ക്രമീകരിക്കണമെന്ന് സിയാൽ അഭ്യർത്ഥിച്ചു; ഈ പത്ത് ദിവസങ്ങളിൽ യാത്രക്കാർ പരമാവധി പൊതുഗതാഗതം ഉപയോഗപ്പെടുത്തണമെന്ന് പൊലീസും വ്യക്തമാക്കി.





