തിരുവനന്തപുരം: കോവിഡ് കാലത്ത് കണ്ണ് പരിശോധനാ ഉപകരണങ്ങൾക്കൊപ്പം വാങ്ങിയ ലക്ഷക്കണക്കിന് രൂപയുടെ ഐഫോണുകൾ കാണാതായ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രി ആഭ്യന്തര മന്ത്രിക്ക് ഔദ്യോഗികമായി കത്തയച്ചു.
'റെമഡിയോ ഇന്നവേറ്റീവ് സൊല്യൂഷൻ' എന്ന കമ്പനിയിൽ നിന്നാണ് 7.16 കോടി രൂപ ചെലവിൽ ഫണ്ടസ് ക്യാമറകളും അനുബന്ധമായി ഉപയോഗിക്കുന്ന ഐഫോണുകളും പർച്ചേസ് ചെയ്തത്. ഫണ്ടസ് ക്യാമറകളിൽ ഘടിപ്പിക്കുന്നതിനായി ഐഫോൺ 6എസ് മോഡലിലുള്ള 224 ഫോണുകളാണ് വാങ്ങിയത്; ഒരു ക്യാമറയും ഫോണും അടങ്ങുന്ന യൂണിറ്റിന് 3.2 ലക്ഷം രൂപയായിരുന്നു ചെലവ് വന്നത്.
എന്നാൽ വാങ്ങിയ ഉപകരണങ്ങൾ കോവിഡ് കാലത്ത് ഉപയോഗിച്ചിട്ടില്ലെന്നും, നിലവിൽ 224 ഐഫോണുകൾ എവിടെയെന്നതിൽ യാതൊരു വ്യക്തതയുമില്ലെന്നും പരിശോധനയിൽ കണ്ടെത്തി. കാണാതായ ഫോണുകൾ ഐഎംഇഐ (IMEI) നമ്പർ വഴി കണ്ടെത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, ഇതുസംബന്ധിച്ച് സൈബർ സെല്ലിൽ പരാതി നൽകുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.





