തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രണ്ട് പുതിയ എഫ്‌ഐആറുകൾ കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു. ഖാദി ബോർഡിന് കീഴിലുള്ള വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകളിലാണ് പുതിയ കേസുകൾ ചുമത്തിയിരിക്കുന്നത്.
ഖാദി ബോർഡ് പരീക്ഷയിൽ ഒരു പിഎസ്‌സി അംഗത്തിന്റെ ബന്ധുവിന് നിയമനം ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ, ഫിഷറീസ് വകുപ്പ് പരീക്ഷയ്ക്കുള്ള ചോദ്യപേപ്പർ തയ്യാറാക്കിയ കോളേജിലെ വിദ്യാർത്ഥികൾക്കാണ് നിയമനം ലഭിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഈ കേസിൽ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു നാളെ അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകും. അതേസമയം, പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട എഫ്‌ഐആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.





