വരുന്ന ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29-ന് രാവിലെ 10 മണിക്ക് ആരംഭിക്കും. ഔദ്യോഗിക വെബ്സൈറ്റായ www.sabarimalaonline.org മുഖേന ഭക്തർക്ക് ദർശനത്തിനായുള്ള സ്ലോട്ടുകൾ റിസർവ് ചെയ്യാവുന്നതാണ്. വെർച്വൽ ക്യൂ ബുക്കിംഗ് പൂർണ്ണമായും സൗജന്യമാണെങ്കിലും, തീർത്ഥാടകർക്ക് താൽപ്പര്യമനുസരിച്ച് പിൽഗ്രിം റിലീഫ് ഫണ്ടിലേക്കും ശുചിത്വ പരിപാലന ഫണ്ടിലേക്കും അഞ്ച് രൂപ മുതൽ സംഭാവന നൽകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
നിലയ്ക്കൽ-പമ്പ റൂട്ട് വഴി പ്രതിദിനം 60,000 പേർക്കും, എരുമേലി കാനനപാതയിലൂടെ 3,000 ഭക്തർക്കും, വണ്ടിപ്പെരിയാർ-സത്രം പാത വഴി ദിവസേന 3,000 പേർക്കുമാണ് ഓൺലൈൻ മുഖേന പ്രവേശനം അനുവദിക്കുന്നത്. ഇതിനുപുറമെ, നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ റിയൽ ടൈം സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളും പ്രവർത്തിക്കും.
നിലയ്ക്കൽ സ്പോട്ട് ബുക്കിംഗ് കൗണ്ടർ വഴി പ്രതിദിനം 10,000 പേർക്കും, എരുമേലിയിലും വണ്ടിപ്പെരിയാർ സത്രത്തിലുമുള്ള കേന്ദ്രങ്ങൾ വഴി 2,000 പേർക്ക് വീതവും ദിവസേന പ്രവേശനം ലഭിക്കും. കേരള ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് പമ്പയിലെ റിയൽ ടൈം സ്പോട്ട് ബുക്കിംഗ് കേന്ദ്രം ഒഴിവാക്കിയത്.





