തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പരസ്യമായി നടത്തിയ പ്രതികരണങ്ങളെ പൂർണ്ണമായും തള്ളി കോൺഗ്രസ് നേതാവ് എം.എം. ഹസ്സൻ. നേതാക്കൾ സ്വന്തം നിലപാടുകൾ വാർത്താസമ്മേളനങ്ങളിലൂടെയല്ല വ്യക്തമാക്കേണ്ടതെന്നും പാർട്ടിക്കുള്ളിലാണ് ഇത്തരം കാര്യങ്ങൾ പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തന്നോട് കാര്യങ്ങൾ ആലോചിക്കുന്നില്ലെന്ന പരാതി ഉണ്ടെങ്കിൽ അത് അറിയിക്കേണ്ടത് ഹൈക്കമാൻഡിനോടാണ്. അത് ഇതിനകം അറിയിച്ചുകഴിഞ്ഞ സ്ഥിതിക്ക് വിഷയം അവിടെ അവസാനിപ്പിക്കണമെന്നും, കാര്യങ്ങൾ വീണ്ടും പരസ്യമായി ആവർത്തിക്കുന്നത് പാർട്ടിക്കും മുന്നണിക്കും ഒരുതരത്തിലും ഗുണകരമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നയിച്ച പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് ഉചിതമായ പരിഹാരം കാണുമെന്നും ഹസ്സൻ കൂട്ടിച്ചേർത്തു.
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ നിയമോപദേശം തേടിയ ശേഷമാണ് സർക്കാർ തുടർനടപടികളുമായി മുന്നോട്ടുപോയതെന്നും, മുൻ മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയ പകപോക്കലായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതി ഉത്തരവിനെ തുടർന്നാണ് നിലവിലെ കേസ് നടപടികളെന്നും എം.എം. ഹസ്സൻ വ്യക്തമാക്കി.





