തിരുവനന്തപുരം: ആരോഗ്യമേഖലയിൽ സ്വകാര്യ മേഖലയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സ് ഭയമുണ്ടാക്കുന്നതാണെന്നും ഈ തീരുമാനം പുനഃപരിശോധിച്ച് തിരുത്തണമെന്നും മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സമിതി സംബന്ധിച്ച ഉത്തരവ് ഒറ്റനോട്ടത്തിൽ തന്നെ വലിയ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് അവർ ചൂണ്ടിക്കാട്ടി.
കമ്മിറ്റിയിലുള്ളവരെല്ലാം ഏതെങ്കിലും തരത്തിൽ സ്വകാര്യ മേഖലയുമായി ബന്ധമുള്ളവരാണെന്ന് വ്യക്തമാക്കിയ മുൻ മന്ത്രി, കേരളത്തിലെ ശക്തമായ പൊതുജനാരോഗ്യ ശൃംഖലയെ തകർക്കരുതെന്നും കാര്യങ്ങൾ നടത്താൻ സ്വകാര്യ മേഖലയ്ക്ക് നേതൃത്വം വിട്ടുകൊടുക്കുന്നത് എന്തിനാണെന്നും ചോദിച്ചു.
പഠനം നടത്തുന്നതിൽ എതിർപ്പില്ലെങ്കിലും, അഴിമതി ആരോപണത്തിൽ ഉൾപ്പെട്ട മുൻ ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി അടക്കമുള്ളവരാണ് വിദഗ്ദ്ധ സമിതിയിലുള്ളതെന്നും, അതിനാൽ സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് തിരുത്തലുകൾ വരുത്തണമെന്നും കെ.കെ. ശൈലജ ആവശ്യപ്പെട്ടു.





