പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് വളഞ്ഞവട്ടത്ത് ചതുപ്പിൽ എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ കുട്ടിയുടെ മാതാവായ നാടോടി സ്ത്രീ മഞ്ജുവിനെ മൂന്ന് വർഷങ്ങൾക്ക് ശേഷം പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് മീനാക്ഷിപുരത്തുനിന്ന് പിടികൂടിയ ഇവരെ പുളിക്കീഴ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ചങ്ങനാശ്ശേരി കെഎസ്ആർടിസി ജംഗ്ഷനിലെ ഫ്ലവർ ഷോപ്പിന്റെ തിണ്ണയിൽ വെച്ച് തന്റെ ആൺസുഹൃത്തായ ശിവയാണ് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് മഞ്ജു പോലീസിനോട് വെളിപ്പെടുത്തി. ലൈംഗിക വേഴ്ചയ്ക്കിടെ കുഞ്ഞ് കരഞ്ഞതിൽ പ്രകോപിതനായാണ് കൃത്യം നടത്തിയതെന്നും തുടർന്ന് ഇരുവരും ചേർന്ന് മൃതദേഹം പുളിക്കീഴിലെ ചതുപ്പിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇവർ മൊഴി നൽകി.
കഴിഞ്ഞദിവസം മീനാക്ഷിപുരത്തെ വീട്ടിൽ വെച്ച് മഞ്ജുവും ശിവയും തമ്മിൽ തർക്കമുണ്ടായപ്പോൾ കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം മഞ്ജു ഉറക്കെ വിളിച്ചുപറഞ്ഞിരുന്നു. അയൽവാസികൾ വഴി വിവരമറിഞ്ഞ പ്രാദേശിക എസ്‌സി പ്രമോട്ടർ പോലീസിനെ അറിയിച്ചതോടെയാണ് മൂന്ന് വർഷം മുൻപത്തെ കൊലപാതക ചുരുളഴിയുന്നത്. 2023 ഓഗസ്റ്റ് 6-നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്; ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്ന് അന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. ഒളിവിൽപോയ ശിവ, ഇയാളുടെ സഹോദരൻ ശക്തി എന്നിവർക്കായി പുളിക്കീഴ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇവർക്ക് മറ്റ് ഏഴ് മക്കളുമുണ്ട്.





