തിരുവനന്തപുരം:തുലാവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരത്തും കൊല്ലത്തും ഉൾപ്പെടെ വിവിധയിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടുകയും നദികളിലെ ജലനിരപ്പ് ഉയരുകയും ചെയ്തു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഇന്ന് തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള പത്ത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മക്കി, മരുതാമല, പേപ്പാറ, ആനപ്പാറ തുടങ്ങിയ പ്രദേശങ്ങളിലും മലയോര മേഖലകളിലും പ്രത്യേക ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. നാളെ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. വരുംദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തായ്‌ലൻഡ് കടലിടുക്കിലും നിലനിൽക്കുന്ന ചക്രവാതച്ചുഴികളാണ് മഴ ശക്തമാകാൻ പ്രധാന കാരണം. ഇതിനുപുറമെ അടുത്ത 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതും കാലവർഷത്തിന്റെ ശക്തി വർധിപ്പിക്കും.





