കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയൻ, ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവർ സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കാൻ സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് ബുധനാഴ്ച ഹർജികളിൽ വാദം കേൾക്കുന്നത്. വെള്ളിയാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ പിണറായി വിജയൻ ഹാജരാകാനിരിക്കെയാണ് സുപ്രീം കോടതിയുടെ അടിയന്തര നടപടി.
തങ്ങളെ നേരിട്ട് ബാധിക്കുന്ന ഉത്തരവായിരുന്നിട്ടും ഹൈക്കോടതി സിംഗിൾ ബെഞ്ചിന് മുന്നിലെ ഹർജിയിൽ കക്ഷി ചേർത്തിരുന്നില്ലെന്നും, അപ്പീൽ നൽകാനുള്ള അനുമതി നിഷേധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി തെറ്റാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. 82 വയസ്സുള്ള പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ സംരക്ഷണം ആവശ്യപ്പെട്ടാണ് അപ്പീൽ നൽകിയിട്ടുള്ളത്. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രതിയാക്കപ്പെടാൻ സാധ്യതയുള്ളയാളുടെ വാദം കേൾക്കേണ്ടതില്ലെന്ന ഡിവിഷൻ ബെഞ്ചിന്റെ നിലപാടും, അപ്പീൽ അനുമതി പരിഗണിക്കുന്ന ഘട്ടത്തിൽ തന്നെ കേസിന്റെ മെറിറ്റിലേക്ക് കടന്ന് തീരുമാനമെടുത്തതും തെറ്റായ മാനദണ്ഡമാണെന്ന് ഹർജിയിൽ വാദിക്കുന്നു.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 175 (4) വകുപ്പ് പ്രകാരം പൊതുപ്രവർത്തകർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുന്നതിന് മുൻപ് മുതിർന്ന ഉദ്യോഗസ്ഥന്റെ റിപ്പോർട്ടും ആരോപണവിധേയരുടെ ഭാഗവും കേൾക്കേണ്ടതുണ്ടെന്ന് അപ്പീലിൽ വ്യക്തമാക്കുന്നുണ്ട്. അഴിമതി നിരോധന നിയമത്തിലെ 17 എ പ്രകാരമുള്ള മുൻകൂർ അനുമതിയില്ലാതെയാണ് എഫ്ഐആർ എടുക്കാൻ നിർദ്ദേശം നൽകിയതെന്നും, ഇഡി നൽകിയ വിവരങ്ങൾ മുൻനിർത്തി കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നുവെന്ന് ഹൈക്കോടതി വിലയിരുത്തിയതിനാൽ എഫ്ഐആർ റദ്ദാക്കാൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം ഫലപ്രദമല്ലെന്നും ഹർജിക്കാർ വ്യക്തമാക്കുന്നു. കൂടാതെ, കമ്പനി നിയമപ്രകാരം എസ്എഫ്ഐഒ അന്വേഷണം നടത്തി റിപ്പോർട്ടും പരാതിയും കോടതിയിൽ ഫയൽ ചെയ്ത ഇടപാടുകളിൽ സംസ്ഥാന പോലീസിനോ മറ്റ് ഏജൻസികൾക്കോ സമാന്തരമായി അന്വേഷണം നടത്താൻ നിയമപരമായി അധികാരമില്ലെന്നും അപ്പീൽ ചൂണ്ടിക്കാട്ടുന്നു.





