തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തന സമയം പകൽ 11 മുതൽ രാത്രി 11 മണി വരെയായി ചുരുക്കാനും ലൈസൻസ് ഫീസ് വർധിപ്പിച്ച് കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനും ലക്ഷ്യമിട്ട് സംസ്ഥാനത്ത് പുതിയ മദ്യനയം കൊണ്ടുവരാൻ സർക്കാർ നീക്കം. തൊഴിലാളി സംഘടനകളുടെയും ബെവ്‌കോ, കൺസ്യൂമർഫെഡ് ജീവനക്കാരുടെയും ആവശ്യങ്ങൾ പരിഗണിച്ചാണ് ബാർ സമയം വെട്ടിച്ചുരുക്കാനുള്ള തീരുമാനം.
മദ്യനയത്തിന്റെ ഭാഗമായി സഹകരണ സ്ഥാപനങ്ങൾ വഴി ഹോർട്ടി വൈൻ വിൽക്കാൻ പ്രത്യേക പാർലറുകൾ തുടങ്ങുന്നതും വീര്യം കുറഞ്ഞ മദ്യത്തിന് വിൽപനാവകാശം നൽകുന്നതും സർക്കാരിന്റെ ആലോചനയിലുണ്ട്. കൂടാതെ ബാറുകളിൽ പരിശോധന ശക്തമാക്കാനും ബാർ ലൈസൻസുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനും നടപടിയുണ്ടാകും.
തയ്യാറാക്കിയ കരട് മദ്യനയം നവംബർ ആദ്യവാരം മുഖ്യമന്ത്രിക്ക് കൈമാറും. തുടർന്ന് യുഡിഎഫ് തലത്തിൽ ചർച്ച നടത്തിയ ശേഷമായിരിക്കും നയത്തിൽ അന്തിമ തീരുമാനമെടുക്കുക.





