കൊച്ചി: സിഎംആർഎൽ വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ വിമർശിച്ചുകൊണ്ട് കോതമംഗലത്തെ യൂത്ത് കോൺഗ്രസ് നേതാവ് എൽദോസ് എൻ. ഡാനിയൽ പങ്കുവെച്ച റീൽ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ മെറ്റ നീക്കം ചെയ്തു. കോൺഗ്രസ് പ്രവർത്തകരുടെ പൊതുവികാരമാണ് പങ്കുവെച്ചതെന്നും ഔദ്യോഗിക ഇടപെടലുകൾ ഇല്ലാതെ ഇത്തരം നടപടി ഉണ്ടാകില്ലെന്നും എൽദോസ് ആരോപിച്ചു.
പോസ്റ്റ് അപ്‌ലോഡ് ചെയ്ത് 17 മിനിറ്റുകൾക്കകം ഇന്ത്യയിൽ കാണാനാകാത്ത വിധം ഇൻസ്റ്റാഗ്രാമിൽ നിന്നും, 10 മണിക്കൂറുകൾക്ക് ശേഷം ഫേസ്ബുക്കിൽ നിന്നും വീഡിയോ പൂർണ്ണമായി ഒഴിവാക്കപ്പെടുകയായിരുന്നു.
ഭരണകൂടത്തിനെതിരെ വിമർശനങ്ങൾ ഉയരുമ്പോൾ അതിനോട് അസഹിഷ്ണുതയോടെ പ്രതികരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.





