ആലപ്പുഴ: ഹരിപ്പാട് രണ്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ അന്വേഷണ റിപ്പോർട്ട്. ജോലി ചെയ്യാതെ ജീവിക്കാനായി രാജേഷ്-താര ദമ്പതികൾ കുട്ടികളെ ഉപയോഗിച്ച് പണപ്പിരിവ് നടത്തിയെന്നും, കുട്ടികളുടെ മുന്നിലിരുന്ന് ഇരുവരും പതിവായി മദ്യപിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബാക്കിയുള്ള കുട്ടികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും നിർദേശമുണ്ട്.
മാതാപിതാക്കളുടെ ഏഴ് മക്കളിൽ ആറാമനായ രാഹുൽ എന്ന രണ്ട് വയസ്സുകാരനെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണവിവരം മറച്ചുവെച്ച് കുട്ടിയുടെ മൃതദേഹവുമായി ഓട്ടോറിക്ഷയിൽ ഡാണാപ്പടിയിലെ ബന്ധുവീട്ടിലെത്തിയ രാജേഷ് അവിടെ സംസ്കരിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇടപെട്ട് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സുരക്ഷ കണക്കിലെടുത്ത് നിലവിൽ കുട്ടികളെയും അമ്മയെയും രണ്ട് മുറികളിലാണ് താമസിപ്പിച്ചിരിക്കുന്നതെന്ന് ജില്ലാ ശിശുക്ഷേമസമിതി ചെയർപേഴ്സൺ ഡോ. വി. ഗീത വ്യക്തമാക്കി. കുഞ്ഞ് മരിച്ച വിവരം സൈക്യാട്രി ഡോക്ടറുടെ സാന്നിധ്യത്തിൽ ഇന്ന് അമ്മയെ അറിയിക്കുമെന്നും, ഇവരുടെ നവജാതശിശുവിനെ സിഡബ്ല്യുസി ഏറ്റെടുക്കുമെന്നും അവർ അറിയിച്ചു.





