തിരുവനന്തപുരം: ജീവനക്കാരുടെ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാതെയുള്ള സർക്കാരിന്റെ തുടർച്ചയായ അവഗണനയ്ക്കെതിരെ പ്രക്ഷോഭത്തിലേക്ക് കടക്കാൻ കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകൾ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഈ മാസം 24-ന് സംസ്ഥാനത്തെ ഡിപ്പോകൾ കേന്ദ്രീകരിച്ച് സിഐടിയു പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ ബിഎംഎസും തീരുമാനമെടുത്തിട്ടുണ്ട്.
തൊഴിലാളികൾക്ക് വിതരണം ചെയ്യാനുള്ള ക്ഷാമബത്ത (ഡിഎ) വലിയ തോതിൽ കുടിശ്ശികയായി തുടരുകയാണ്. കൂടാതെ നാഷണൽ പെൻഷൻ സ്കീമിലേക്ക് (എൻപിഎസ്) തൊഴിലാളികളുടെ വിഹിതമായി അടയ്ക്കേണ്ട തുകയുടെ കുടിശ്ശിക 450 കോടി രൂപ പിന്നിട്ടിട്ടുണ്ട്.
യുഡിഎഫ് സർക്കാർ ഏർപ്പെടുത്തിയ പ്രിയദർശിനി പദ്ധതി കാരണം ജീവനക്കാർ അനുഭവിക്കുന്ന അമിത ജോലിഭാരത്തെക്കുറിച്ചുള്ള പരാതികൾക്കിടയിലാണ്, അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ സംഘടനകൾ സംയുക്തമായി പ്രതിഷേധത്തിന് ഒരുങ്ങുന്നത്.





