കൊച്ചി: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന് പിന്തുണയുമായി ജെബി മേത്തർ എംപി. ആരുടെയും വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും, അടൂർ പ്രകാശ് പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും അവർ വ്യക്തമാക്കി.
കെ. മുരളീധരൻ കാര്യങ്ങൾ തുറന്നുപറയുന്ന നേതാവാണെന്നും ഇത്രയും കാലം അദ്ദേഹം പറഞ്ഞതെല്ലാം സ്വന്തം അഭിപ്രായങ്ങളാണെന്നാണ് തന്റെ വിശ്വാസമെന്നും ജെബി മേത്തർ ചൂണ്ടിക്കാട്ടി. മുരളീധരന്റെ പിന്നിൽ മറ്റാരെങ്കിലും ഉണ്ടെന്ന് പറഞ്ഞാൽ താൻ അംഗീകരിക്കാത്തതുപോലെ തന്നെയാണ് അടൂർ പ്രകാശിന്റെ കാര്യവുമെന്നും അവർ പറഞ്ഞു.
തനിക്കെതിരെയുണ്ടായ സൈബർ ആക്രമണത്തിൽ മൊഴി നൽകാനായി കൊച്ചി സൈബർ പോലീസ് സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു എംപിയുടെ പ്രതികരണം. വിഷയത്തിൽ ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും സൈബർ ആക്രമണത്തിന് പിന്നിൽ പാർട്ടി പ്രവർത്തകർ ആരെങ്കിലും ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും അവർ വ്യക്തമാക്കി.





