ആലപ്പുഴ: മൂന്നുപേർ മരിച്ച നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈൽ സജീവ് മുൻപും സമാനരീതിയിൽ വാഹനാപകടം ഉണ്ടാക്കിയിട്ടുണ്ടെന്ന വിവരങ്ങൾ പുറത്ത്. 2025-ൽ ആലപ്പുഴ മംഗലത്ത് KL 13 A R 0007 എന്ന നമ്പറിലുള്ള ചുവന്ന മിനി കൂപ്പർ അമിതവേഗത്തിലെത്തി വീട്ടുഭിത്തിയിലേക്ക് ഇടിച്ചുകയറ്റിയ സംഭവത്തിൽ സുഹൈലും സുഹൃത്തുക്കളുമാണ് ഉണ്ടായിരുന്നതെന്നാണ് സംശയം ഉയർന്നിരിക്കുന്നത്.
അപകടം നടന്നയുടൻ ഇതേ കാറിൽ യുവാക്കൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. ഈ മിനി കൂപ്പർ കാറിന്റെ ദൃശ്യങ്ങൾ സുഹൈൽ സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുമുണ്ട്.
അന്ന് പോലീസ് സ്ഥലത്തെത്തിയിരുന്നുവെങ്കിലും ആലപ്പുഴയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലുകളെത്തുടർന്ന് കേസെടുക്കാതെ ഇവരെ സ്റ്റേഷനിൽനിന്ന് വിട്ടയച്ച് ഒത്തുതീർപ്പാക്കുകയായിരുന്നു. നെടുമ്പാശ്ശേരി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സുഹൈലിന്റെ മുൻകാല അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കിടെയാണ് ഈ പഴയ സംഭവം വീണ്ടും ചർച്ചയാകുന്നത്.





