പാലക്കാട്: എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ മദ്യപിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥൻ ഇടിവള ഉപയോഗിച്ച് നടത്തിയ ആക്രമണം നാടിനെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ക്രിമിനൽ പോലീസുകാരെ കയറൂരി വിടുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും, തെറ്റ് ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കാൻ പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിക്കുന്നത് വരെ സർക്കാർ കാത്തിരിക്കുന്നത് ഭൂഷണമല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
എസ്ഐആർ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. സംഘപരിവാർ മാതൃകയിൽ ലാത്തിയും ലഹരിയും നൽകി ക്രിമിനലുകളെ ഉപയോഗിച്ചാണ് സമരങ്ങളെ നേരിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്
പാലക്കാട് എസ്.എഫ്.ഐ നടത്തിയ മാര്ച്ചിനു നേരെയുണ്ടായ പോലീസ് അതിക്രമം നാടിനെ ഞെട്ടിക്കുന്നതാണ്. എസ്.ഐ.ആര് വിഷയത്തില് നടക്കുന്ന പ്രക്ഷോഭങ്ങളെ സംഘപരിവാര് മാതൃകയില് ലാത്തിയും ലഹരിയും നല്കി ക്രിമിനലുകളെ ഉപയോഗിച്ച് അടിച്ചമര്ത്താനാണ് ഇവിടെ യുഡിഎഫ് സര്ക്കാരും ശ്രമിക്കുന്നത്.
മദ്യപിച്ചെത്തിയ ഒരു പോലീസുകാരന് അതിക്രൂരമായ മര്ദ്ദനമാണ് വിദ്യാര്ഥികള്ക്ക് നേരെ പാലക്കാട് അഴിച്ചുവിട്ടത്. പെണ്കുട്ടികളെയടക്കം അയാള് ഇടിവള ഉപയോഗിച്ച് നേരിട്ടു. ഇക്കാര്യം അപ്പോള് തന്നെ വിദ്യാര്ത്ഥികള് ശ്രദ്ധയില് പെടുത്തിയിട്ടും മാധ്യമങ്ങള് ദൃശ്യങ്ങള് അടക്കം റിപ്പോര്ട്ട് ചെയ്തിട്ടും ഒരു നടപടിയും ഉണ്ടായില്ല. അയാളെ മറ്റ് ഉദ്യോഗസ്ഥര് ചേര്ന്നു പോലീസ് വാഹനത്തില് കയറ്റി അവിടെ നിന്നും പെട്ടെന്ന് മാറ്റുകയാണ് ചെയ്തത്. ഇത് ചൂണ്ടിക്കാണിച്ചപ്പോള് മറുപടി പറയാന് പോലീസ് തയ്യാറായതുമില്ല.
തുടര്ന്ന്, ഈ അതിക്രമത്തിനെതിരെ നടപടിയെടുക്കാന് നിയമസഭയില് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടേണ്ടിവന്നു. അതിനുശേഷമാണ് കുറ്റാരോപിതനായ പോലീസുകാരനെ സസ്പെന്ഡ് ചെയ്യാന് സര്ക്കാര് തയ്യാറായത്. അപ്പോഴും വിദ്യാര്ത്ഥികളെ ആക്രമിക്കുമ്പോള് ഇയാള് ലഹരിയില് ആയിരുന്നു എന്ന കാര്യം ആഭ്യന്തര മന്ത്രി സഭയില് മറച്ചുവെക്കുകയായിരുന്നു.
തെറ്റ് ചെയ്യുന്നവര്ക്കെതിരെ നടപടിയെടുക്കാന് പ്രതിപക്ഷം നിയമസഭയില് പ്രതിഷേധിക്കുന്നത് വരെ കാത്തിരിക്കുന്നത് ഒരു സര്ക്കാരിനും ഭൂഷണമല്ല. സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങള് ദിനംപ്രതി വര്ദ്ധിച്ചുവരികയാണ്. ആഭ്യന്തര വകുപ്പിന്റെ പൂര്ണ്ണമായ പരാജയമാണിത്. മദ്യപിച്ച് ഡ്യൂട്ടിക്കെത്തി സമരം ചെയ്യുന്ന വിദ്യാര്ത്ഥികളെ തല്ലിച്ചതയ്ക്കാന് ഒരു പോലീസുകാരന് എങ്ങനെയാണ് ധൈര്യം ലഭിക്കുന്നത്? തിരുവനന്തപുരത്ത് ഹോസ്റ്റലില് കയറി അതിക്രൂരമായി വിദ്യാര്ഥികളെ മര്ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പോലീസുകാര്ക്കെതിരെ ഇപ്പോഴും ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.
സേനയിലെ ഇത്തരം ക്രിമിനലുകള്ക്കെതിരെ നടപടിയെടുക്കാന് യു.ഡി.എഫ് സര്ക്കാരിന് ബാധ്യതയുണ്ട്. പോലീസിനെ നിയന്ത്രിക്കാനും അവര് നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സര്ക്കാര് അടിയന്തരമായി തയ്യാറാകണം. ജനാധിപത്യപരമായി സമരം ചെയ്യുന്നവരെ അടിച്ചമര്ത്താന് ഇത്തരം ക്രിമിനല് പോലീസുകാരെ കയറൂരി വിടുന്ന സമീപനം അംഗീകരിക്കാനാകില്ല. സംഘപരിവാറിന്റെ ഫാസിസ്റ്റ് നയം കേരളത്തില് നടപ്പാക്കിയാല് ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്ക്ക് ഈ നാട് സാക്ഷ്യം വഹിക്കേണ്ടി വരും





