കൊച്ചി: സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാടിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചില്ല. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച അപ്പീൽ അനുമതി അപേക്ഷയിൽ ഡിവിഷൻ ബെഞ്ച് വാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റി.
കോടതി ഉത്തരവില്ലെങ്കിൽപ്പോലും ഗുരുതരമായ കുറ്റമാണെങ്കിൽ വിജിലൻസിന് സ്വമേധയാ കേസെടുക്കാമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിനെ എതിർക്കാനാവില്ലെന്നും കേസ് പരിഗണിക്കവേ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവിനെ അനുകൂലിക്കുന്നുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് പ്രാഥമികാന്വേഷണം വേണമെന്നതാണ് നിലപാടെന്ന് സർക്കാർ വ്യക്തമാക്കി. സർക്കാർ നിലപാടിനെതിരാണ് സിംഗിൾ ബെഞ്ച് വിധിയെന്നിരിക്കെ എന്തുകൊണ്ടാണ് അപ്പീൽ നൽകാതിരുന്നതെന്നും എഫ്ഐആർ എന്തിനാണ് രജിസ്റ്റർ ചെയ്തതെന്നും കോടതി സർക്കാരിനോട് ആരാഞ്ഞു; എന്നാൽ പ്രാഥമികാന്വേഷണം നടത്തുന്നതിൽ തെറ്റില്ലെന്ന് ലളിത കുമാരി കേസിലുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ (എജി) മറുപടി നൽകി.
ഇതിനിടെ, ഇടപാടിൽ പിണറായി വിജയന് അനുകൂല നിലപാട് സ്വീകരിച്ച സർക്കാർ, ഹർജിക്കാരനായ കെ.എം. ഷാജഹാന്റെ വിശ്വാസ്യതയെ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. ഷാജഹാൻ കോടതി അലക്ഷ്യ നടപടി നേരിടുന്ന വ്യക്തിയാണെന്നും ഹർജി പൊതുതാൽപ്പര്യ സ്വഭാവമുള്ളതാണെന്നും സിംഗിൾ ബെഞ്ചിന് മുന്നിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നുവെന്നും എജി വാദിച്ചു. കൂടാതെ ഇഡി കണ്ടെത്തിയ വിവരങ്ങൾ അപര്യാപ്തമായതിനാലാണ് പ്രാഥമികാന്വേഷണത്തിന് നിർദ്ദേശം നൽകിയതെന്നും സർക്കാർ കോടതിയെ അറിയിച്ചു.





