പാലക്കാട്: എസ്എഫ്ഐ മാർച്ചിന് നേരെ മദ്യപിച്ചെത്തി വിദ്യാർത്ഥികളെ ഇടിവള ഉപയോഗിച്ച് മർദ്ദിച്ച സിവിൽ പോലീസ് ഓഫീസറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാലക്കാട് എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനും ചിറ്റിലഞ്ചേരി സ്വദേശിയുമായ സഫാദിനെതിരെയാണ് ജില്ലാ പോലീസ് മേധാവി നടപടിയെടുത്തത്.
ഒക്ടോബർ 11-ന് പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് എസ്എഫ്ഐ സംഘടിപ്പിച്ച പ്രകടനത്തിനിടെയായിരുന്നു സഫാദ് അക്രമം അഴിച്ചുവിട്ടത്. തുടർന്ന് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിലാണ് ഇയാൾ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചത്.
സംഭവസമയത്ത് ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി വ്യക്തമാക്കിക്കൊണ്ട് പാലക്കാട് ടൗൺ നോർത്ത് പോലീസ് ഇന്നലെ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടി.





