തിരുവനന്തപുരം: നെടുമ്പാശ്ശേരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ ഇടിച്ച് മൂന്ന് വിദ്യാർത്ഥികൾ മരിച്ച കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ആര് ശ്രമിച്ചാലും പ്രതി രക്ഷപ്പെടില്ലെന്നും കേസിൽ ശക്തമായ നടപടിയുണ്ടാകുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കുടുംബത്തിന് സംശയങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് വ്യക്തമാക്കിയ മന്ത്രി, പ്രതിയെ ബോർസ്റ്റൽ ഹോമിലേക്ക് അയച്ചത് പോലീസല്ലെന്നും നിയമപ്രകാരം കോടതിയാണെന്നും വ്യക്തമാക്കി. ഇതിനർത്ഥം പ്രതി കേസിൽനിന്ന് ഊരിപ്പോരുമെന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തെ ഞെട്ടിച്ച അതീവ വേദനാജനകമായ സംഭവമാണിതെന്നും, ഇതോടെ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ പ്രസക്തിയാണ് വ്യക്തമാകുന്നതെന്നും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.





