തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പിൻവാങ്ങുന്നതോടെ ദക്ഷിണേന്ത്യയിൽ തുലാവർഷത്തിന് തുടക്കമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഒക്ടോബർ 16 വരെ കേരളത്തിൽ മഴ തുടരും; പലയിടങ്ങളിലും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്.
തിരുവനന്തപുരത്ത് അതിശക്തമായ മഴ പെയ്യാൻ ഇടയുള്ളതിനാൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാനും സാധ്യത കൽപ്പിക്കുന്നുണ്ട്.
അതേസമയം, സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നുമില്ല. ഒക്ടോബർ 14 വരെ തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.





