പത്തനംതിട്ട: അടൂർ ജനറൽ ആശുപത്രിയിൽ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ബലാത്സംഗക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ടതിനെച്ചൊല്ലി പത്തനംതിട്ട കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമായി. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുലിന് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നും യാതൊരു പരിഗണനയും നൽകുന്നില്ലെന്നും അടൂർ ബ്ലോക്ക് പ്രസിഡന്റ് ആബിദ് ഷെഹീം വ്യക്തമാക്കി; സുഹൃത്തുക്കൾക്കൊപ്പമാകും രാഹുൽ അവിടെയെത്തിയതെന്നും കെപിസിസി പ്രസിഡന്റ് നടപടിയെടുത്ത വ്യക്തിയാണെന്നും ബ്ലോക്ക് സെക്രട്ടറിയും കൂട്ടിച്ചേർത്തു. എന്നാൽ രാഹുൽ ഇപ്പോഴും കോൺഗ്രസ് നേതാവാണെന്നും മുൻപ് അച്ചടക്കനടപടി സ്വീകരിച്ചത് കെപിസിസിയാണെന്നുമായിരുന്നു ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ മുൻപത്തെ നിലപാട്.
കഴിഞ്ഞ ദിവസം അടൂർ ജനറൽ ആശുപത്രി കാഷ്വാലിറ്റിയിൽ നാല് കാറുകളിലായെത്തിയ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസ് സംഘം എസ്എഫ്ഐ നേതാക്കളായ സഹിൽ, പ്രണവ് എന്നിവരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.
സംഭവത്തിൽ ലൈംഗികാതിക്രമക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ, ഫെനി നൈനാൻ, അനന്തു ഗോപൻ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.





