തിരുവനന്തപുരം: കൂടുതൽ യാത്രാസൗകര്യവും സുരക്ഷയും മുൻനിർത്തി വേണാട് എക്സ്പ്രസിലെ 10 കോച്ചുകൾ മാറ്റി റെയിൽവേ പുതിയവ ഘടിപ്പിച്ചു. പഴയ കോച്ചുകളിൽ 108 പേർക്ക് ഇരിക്കാൻ കഴിഞ്ഞിരുന്ന സ്ഥാനത്ത് 220 പേർക്ക് ഇരിക്കാൻ കഴിയുന്ന പുതിയ കോച്ചുകൾ ഇന്നലെ മുതൽ സർവീസ് ആരംഭിച്ചു. സീറ്റുകൾക്കിടയിൽ കൂടുതൽ അകലവും അധിക വാതിലുകളുമുള്ള കോച്ചുകളാണിത്. ബാക്കിയുള്ള ആറ് അൺറിസർവ്ഡ് കോച്ചുകൾ കൂടി ഉടൻ മാറ്റുമെന്ന് റെയിൽവേ വ്യക്തമാക്കി.
അതേസമയം, പുഷ്ബാക്ക് സീറ്റുകളുള്ള അത്യാധുനിക കോച്ചുകൾ അടുത്തയാഴ്ച ജനശതാബ്ദി എക്സ്പ്രസിൽ ഉൾപ്പെടുത്തും. ഇതിനായി 16 കോച്ചുകൾ കൊച്ചുവേളിയിൽ എത്തിച്ചിട്ടുണ്ട്.
പുതിയ കോച്ചുകൾ തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദിക്ക് നൽകാനാണ് ആദ്യം ആലോചിച്ചിരുന്നതെങ്കിലും, യാത്രാദൂരക്കൂടുതൽ പരിഗണിച്ച് തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദിക്ക് ആദ്യം നൽകുന്ന കാര്യവും റെയിൽവേ പരിഗണനയിലുണ്ട്.





