പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കിയെന്ന നടപടിയെ തള്ളിപ്പറഞ്ഞും അദ്ദേഹത്തെ കൈവെച്ചാൽ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പ് നൽകിയും കോൺഗ്രസ് നേതാവും യുഡിഎഫ് കൺവീനറുമായ പഴകുളം ശിവദാസൻ. അടൂർ ജനറൽ ആശുപത്രിയിൽ എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ രാഹുലിനൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ശിവദാസന്റെ പരസ്യ പ്രതികരണം.
രാഹുൽ മാങ്കൂട്ടത്തിൽ ആരെയും ആക്രമിക്കാൻ പോയിട്ടില്ലെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ശിവദാസൻ വ്യക്തമാക്കി. പാർട്ടി പുറത്താക്കിയ നടപടിയെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, ഉത്തരവാദിത്തപ്പെട്ട ഒരു മുന്നണി കൺവീനർ എന്ന നിലയിലാണ് സംസാരിക്കുന്നതെന്നും പാർട്ടി നടപടിയെടുത്താലും രാഹുൽ ഇപ്പോഴും കോൺഗ്രസുകാരൻ തന്നെയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസം അടൂർ ജനറൽ ആശുപത്രി കാഷ്വാലിറ്റിയിൽ നാല് കാറുകളിലായെത്തിയ രാഹുൽ മാങ്കൂട്ടത്തിലും സംഘവും എസ്എഫ്ഐ നേതാക്കളായ സഹിൽ, പ്രണവ് എന്നിവരെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. സംഭവത്തിൽ ലൈംഗികാതിക്രമക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ, ഫെനി നൈനാൻ, അനന്തു ഗോപൻ എന്നിവർ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.





