തിരുവനന്തപുരം: കൗൺസിലർ പദവി രാജിവെക്കാൻ തീരുമാനിച്ചതിലെ കാരണങ്ങൾ വിശദീകരിച്ച് മുൻ പോലീസ് ഉദ്യോഗസ്ഥയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖ. ഡിജിപി ജോലി ചെയ്യുന്ന ആളോട് കോൺസ്റ്റബിളിന്റെ പണി ചെയ്യാൻ പറഞ്ഞാലോ, ആർമി ജനറലിനോട് പട്ടാളക്കാരനായി അതിർത്തി കാക്കാൻ നിർദേശിച്ചാലോ ബുദ്ധിമുട്ടാകുമെന്നും ആ പ്രയാസങ്ങൾ സഹിച്ചാണ് താൻ ഇത്രയും നാൾ പ്രവർത്തിച്ചതെന്നും അവർ വ്യക്തമാക്കി. എന്നാൽ ബിജെപി വിടില്ലെന്നും നരേന്ദ്ര മോദിയുടെ ആരാധകയായി ആജീവനാന്തം അച്ചടക്കമുള്ള പ്രവർത്തകയായി തുടരുമെന്നും അവർ വ്യക്തമാക്കി.
എന്തു ചെയ്താലും ചിലർ വിമർശനങ്ങൾ ഉന്നയിച്ചതോടെ മാനസിക വിഷമം മൂലമാണ് സെപ്റ്റംബർ 30-ന് മേയർക്ക് രാജി സന്ദേശം അയച്ചതെന്ന് ശ്രീലേഖ വെളിപ്പെടുത്തി. ജോലിയും അഡ്മിഷനും നൽകുന്നത് മുതൽ അതിർത്തിത്തർക്കങ്ങൾ വരെയുള്ള തന്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യങ്ങൾ ആവശ്യപ്പെട്ട് ആളുകൾ രാത്രിയടക്കം വീട്ടിലെത്തുകയാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ബിജെപി കൗൺസിലറായതിനാൽ പോലീസ് സ്റ്റേഷനുകളിൽ വിളിച്ചുപറഞ്ഞാൽ പോലും ആരും കേൾക്കാത്ത സാഹചര്യമാണെന്നും, ഒമ്പത് മാസത്തെ കടുത്ത തിരക്കുകളും ആരോഗ്യപ്രശ്നങ്ങളും മൂലം വലിയ സമ്മർദ്ദത്തിലായെന്നും അവർ പറഞ്ഞു.
വൈദ്യുതി, ടെലിഫോൺ തടസ്സങ്ങളും ഓടയിലെ മാലിന്യവും ഉടൻ പരിഹരിക്കണമെന്നാണ് ആളുകളുടെ പ്രതീക്ഷയെന്നും ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഇത് തനിക്ക് സാധ്യമല്ലെന്ന് തോന്നിയതായും അവർ വ്യക്തമാക്കി. അതേസമയം, മേയർ സ്ഥാനം നൽകാത്തതിനാലാണ് രാജിയെന്ന പ്രചാരണങ്ങളെ തള്ളിയ ശ്രീലേഖ, പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് കൗൺസിലർ പദവിയിൽ തുടരുന്നതെന്നും കൂട്ടിച്ചേർത്തു.





